പറ്റ്‌ന: ഭാര്യയെ പന്തയം വച്ച് ചൂതുകളിച്ച യുവാവ് ചൂതില്‍ തോറ്റതിനെത്തുടര്‍ന്നു മുപ്പതുകാരിയെ സുഹൃത്തുക്കള്‍ക്കു കൂട്ടബലാത്സംഗത്തിനു ‘വിട്ടുനല്‍കി’. കൂട്ടുകാരുടെ ലൈംഗിക അതിക്രമത്തെ എതിര്‍ത്ത ഭാര്യയുടെ മേല്‍ ഇയാള്‍ ആസിഡ് ഒഴിച്ചു. ഭാര്യയെ ശുദ്ധീകരിക്കുന്നതിനാണ് ആസിഡ് ഒഴിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ അറിയിച്ചു.

യുവതിയുടെ ഭര്‍ത്താവ് സോനു ഹരിജനെ അറസ്റ്റ് ചെയ്തതായി മുസാഹിദ്പുര്‍ പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടുപ്രതികളെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഒരു മാസം മുമ്പാണ് ഭാര്യയെ പന്തയം വച്ച് ചൂതുകളിച്ചതെന്ന് സോനു പൊലീസിനോടു പറഞ്ഞു. പന്തയത്തില്‍ തോറ്റതിനാല്‍ ഒരു മാസത്തേക്ക് ഭാര്യയെ സുഹൃത്തുക്കള്‍ക്കു കൊടുക്കണമായിരുന്നു. എന്നാല്‍ ഭാര്യ അവര്‍ക്കൊപ്പം പോവാന്‍ വിസമ്മതിച്ചു. സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് ഭാര്യയെ നിര്‍ബന്ധിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു.

ആസിഡ് വീണു പൊള്ളലേറ്റ യുവതിയെ മതിയായ ചികിത്സ നല്‍കാതെ ബന്ധുക്കള്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ മാത്രമാണ് യുവതിക്കു നല്‍കിയിരുന്നത്. സംഭവം പുറത്തുവരാതിരിക്കാനായിരുന്നു ഇവരുടെ ശ്രമം. ബന്ധുക്കളുടെ വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ട യുവതി ലോധിപൂരിലെ സ്വന്തം വീട്ടിലെത്തി വിവരം പറയുകയായിരുന്നു. അവര്‍ ഉടന്‍ തന്നെ ലോധിപുര്‍ പൊലീസില്‍ വിവരം അറിയിച്ചു.