കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് കളമൊരുങ്ങുന്നു. രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പില്‍ ആരോപണ വിധേയരായ എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു.

വിവാദമായ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം നടപടിക്ക് പിന്നാലെ കണക്ക് സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കെയാണ് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പികെ ശബീറില്‍ നിന്ന് പയ്യന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് കെ നായര്‍ മൊഴിയെടുത്തത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കിയും എംഎല്‍എ ടിഐ മധുസൂദനനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുന്നതിലും മാത്രമായിരുന്നു നടപടി. ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഏരിയാ സെക്രട്ടറിയെ നീക്കിയ നേതൃത്വത്തിന്റെ നിലപാട് അണികളുടെ രോഷത്തിനിടയാക്കിയിരുന്നു.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പാര്‍ട്ടിതല നടപടിയിലും വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് യൂത്ത് ലീഗും രംഗത്തെത്തിയത്. പാര്‍ട്ടി ഫണ്ടാണെങ്കിലും ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറിയില്‍ അന്വേഷണം വേണമെന്നായിരുന്നു യൂത്ത് ലീഗ് ആവശ്യം. ടിഐ മധുസൂദനന്‍ എംഎല്‍എ രാജിവെച്ച് അന്വേഷണം വേണമെന്ന ആവശ്യവും യൂത്ത് ലീഗ് ഉയര്‍ത്തിയിരുന്നു. എംഎല്‍എക്കെതിരെ പാര്‍ട്ടിതലത്തില്‍ സ്വീകരിച്ച നടപടിയിലൂടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് പൊലീസിലും പരാതി നല്‍കിയത്. ടിഐ മധുസൂദനനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മണ്ഡലം പ്രസിഡന്റ് പികെ ശബീറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.