തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗവും വിദ്യാര്‍ത്ഥി വിഭാഗമായ ഐ.എസ്.എഫ് സംസ്ഥാന കോഓഡിനേറ്ററുമായ ഉസ്മാന്‍ കാച്ചടി മുസ്ലിംലീഗില്‍ ചേര്‍ന്നു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി അംഗത്വം നല്‍കി.
ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: പി.എം.എ.സലാം സാഹിബ്, മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി യു.കെ. മുസ്തഫ മാസ്റ്റര്‍, യൂത്ത് ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം പി. ളംറത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ദളിത് പിന്നോക്ക ന്യൂനപക്ഷ ഐക്യവും അവര്‍ണന്റെ അധികാര പങ്കാളിത്തവും ചര്‍ച്ച ചെയ്ത് മുഖ്യധാരയിലേക്ക് പ്രവേശിച്ച പി.ഡി.പി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ച്, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണികളോട് സാമ്പത്തിക വിലപേശല്‍ നടത്തുന്ന സംഘമായി അധഃപതിച്ചു.
അബ്ദുന്നാസര്‍ മഅ്ദിനിയുടെ മോചനം പ്രധാന മുദ്രാവാക്യമായി ഇരുപത് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചു എന്ന് അവകാശപ്പെടുന്ന പി.ഡി.പിക്ക് മഅ്ദനിയുടെ വിഷയത്തില്‍ നിയമ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്താനോ വ്യവസ്ഥാപിത ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനോ സാധിച്ചില്ല. അധഃസ്ഥിതരുടെ മോചനത്തിന് രംഗത്ത് ഇറങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി ചെയര്‍മാനെ മോചിപ്പിക്കാന്‍ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ ഇത് വരെ സാധിച്ചില്ല.
രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഘടകമായ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടാനോ ക്രിയാത്മകമയി പ്രവര്‍ത്തിക്കാനോ പോലും ആളും അര്‍ത്ഥവുമില്ലാതെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് പി.ഡി.പി.
ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ സമൂഹത്തില്‍ അവബോധം നടത്തുന്നതിലും അതിനെ ചെറുക്കാന്‍ ബഹുസ്വരതയുടെ രാഷ്ട്രീയം പ്രയോഗവല്‍കരിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഫാസിസ്റ്റ് പ്രീണനനനയം പിന്തുടരുന്ന ഇടത്പക്ഷത്തെ രാഷ്ട്രീയമായി നേരിടല്‍ അനിവാര്യമായ സാഹചര്യത്തില്‍ മുസ്ലീം ലീഗ് കൈകൊളളുന്ന പ്രായോഗിക നടപടികള്‍ തന്നെ ആകര്‍ഷിച്ചുവെന്ന് ഉസ്മാന്‍ കാച്ചടി വിശദീകരിച്ചു.
പി.ഡി.പി വേദികളിലെ മികച്ച പ്രഭാഷകനായിരുന്നു ഉസ്മാന്‍ കാച്ചടി.
Be the first to write a comment.