2018 ഫുട്‌ബോള്‍ ലോകകപ്പ് ബ്രസീലിനു തന്നെയെന്ന് ഇതിഹാസ താരം പെലെ. സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ലോകകപ്പിനു മുമ്പ് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ പി.എസ്.ജി താരത്തിന് കഴിയുമെന്നും പെലെ പറഞ്ഞു.

‘എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നമുക്കറിയില്ല. പക്ഷേ, ലോകകപ്പിന് നെയ്മറിന്റെ പരിക്ക് ഭേദമാകുമെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ലോകകപ്പില്‍ ഉണ്ടായതു പോലുള്ള ഭാഗ്യം അവനും ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്’ 77 കാരനായ പെലെ പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ മൂന്നു ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ് പെലെ.

ലോകഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരമായ നെയ്മര്‍ ഫെബ്രുവരി 25-ന് മാഴ്‌സേക്കെതിരായ മത്സരത്തിലേറ്റ പരിക്കിനു ശേഷം കളത്തിലിറങ്ങിയിട്ടില്ല. പരിക്കില്‍ നിന്ന് മോചനം നേടി വരികയാണെന്നും ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് പൂര്‍ണാരോഗ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.