തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ കേസ് ഡയറി ഉടന്‍ കൈമാറണമെന്ന് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ട് സിബിഐ. സി. ആര്‍.പി.സി 91 പ്രകാരം ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്‍കിയ സിബിഐ കേസില്‍ കടുത്ത നടപടിയുമായാണ് നീങ്ങുന്നത്. ഫയലുകള്‍ ഇനിയും കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നും സിബിഐ മുന്നറിയിപ്പ് നല്‍കി. ആറുതവണ കത്ത് നല്‍കിയിട്ടും കേസ് ഡയറി കൈമാറാത്തതിനാലാണ് അപൂര്‍വ നടപടി.

കേരളത്തില്‍ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് കഴിഞ്ഞ മാസം 25ന് ഡിവിഷന്‍ ബഞ്ചും ശരിവച്ചിരുന്നു. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ സംസ്ഥാന പൊലീസിന് കത്ത് നല്‍കി. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായിട്ടാണ് നാല് തവണ സിബിഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയത്.

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തില്‍ രാഷ്ട്രീയചായ്‌വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി വിമര്‍ശിക്കുന്നു. ഇത് കേസിന്റെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.