ന്യൂഡല്‍ഹി: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. മറ്റൊരു ഉചിതമായ ബെഞ്ചിലേക്ക് കേസ് വിടാന്‍ കഴി്ഞ്ഞമാസം ജസ്റ്റിസ് ലളിത് ഉത്തരവിട്ടെങ്കിലും വീണ്ടും അതേ ബെഞ്ചില്‍ തന്നെയാണ് കേസ് എത്തിയിരിക്കുന്നത്. അതേസമയം, ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരിരങ്കഅയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 31ന് ജസ്റ്റിസ് യു യു ലളിത് ലാവ്‌ലിന്‍ കേസ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചത്. ഇപ്പോള്‍ വീണ്ടും ജസ്റ്റിസ് ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് കേസ് എത്തുമ്പോള്‍ നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റിസ് എന്‍ വി രമണ ലാവ്‌ലിന്‍ കേസില്‍ നിന്ന് നിന്ന് പിന്മാറുന്ന നിലയാണ്.

കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രീംകോടതിയില്‍ സജീവമാകുന്നത്. 2017 ഒക്ടോബര്‍ മാസത്തില്‍ സുപ്രീംകോടതിയിലെത്തിയ കേസ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം. ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് കേസ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.