തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാനം പുനസ്ഥാനപിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ മാധ്യമങ്ങളോട് സമനില തെറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗ സ്ഥലത്ത് കണ്ട മാധ്യമങ്ങളോടാണ് സമനിലതെറ്റി പെരുമാറിയത്. യോഗ സ്ഥലത്തെ മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്രോഷിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചര്‍ച്ച നടക്കുന്ന തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയിലേക്ക് എത്തിയ മുഖ്യമന്ത്രി, അകത്തു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് അപ്രതീക്ഷിതമായി രോഷം പ്രകടിപ്പിക്കുകയായിരുന്നു.

മുറിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട പിണറായി മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവരെ ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മാസ്‌കറ്റ് ഹോട്ടലിന്റെ മാനേജരോടു മുഖ്യമന്ത്രി ദേഷ്യത്തോടെ ആരാഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉടനെ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങിയപ്പോള്‍ ‘കടക്കൂ പുറത്ത്’ എന്നും പിണറായി ആക്രോശിക്കുകയായിരുന്നു.

സാധാരണ, സമാധാന ചര്‍ച്ചകളും മറ്റും ആരംഭിക്കുന്നതിനു മുന്നോടിയായി നേതാക്കള്‍ ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മാധ്യമങ്ങള്‍ മുറിവിട്ട് ഇറങ്ങാറുള്ളത്. ഇങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിക്കാറുണ്ട്. പിന്നീടു ചര്‍ച്ച തുടങ്ങുമ്പോള്‍ അവരെ പുറത്തിറക്കുകയും ചെയ്യും. ഇവിടെ, മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി അസ്വസ്ഥനാവുകയായിരുന്നു. അതേസമയം, സമാധാന ചര്‍ച്ച പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.