ന്യൂഡല്‍ഹി: രാജ്യത്ത് എതിരഭിപ്രായം പങ്കുവെക്കുന്നവര്‍ക്ക് വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടിവരുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായിയെ കുറിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എതിരഭിപ്രായം പറയുന്നവര്‍ക്ക് വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടി വരുന്ന കാലമാണിത്. ശുജാഅത്ത് ബുഹാരി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ പഴയ ഇന്ത്യയാക്കാന്‍ എല്ലാവരും ഒന്നിച്ച് നിന്ന് കഴിയുന്നത് ചെയ്യണമെന്ന് ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ. ആന്റണിയും പറഞ്ഞു.

രാജ്യത്ത് ഭിന്നാഭിപ്രായത്തിനും സ്വാതന്ത്ര്യം ഉണ്ടാകണം. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളെ ഇല്ലാതാക്കുന്നതാണ് കണ്ടുവരുന്നത്. ഈ നില മാറണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പോക്ക് സര്‍വ്വ നാശത്തിലേക്കാണ്. എന്നാല്‍ ഇത് മറികടക്കാന്‍ ആപത്ത് തിരിച്ചറിഞ്ഞവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.