തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ കല്ലുകടി. സര്‍ക്കാറിന്റെ പരിപാടികളില്‍ നിന്ന് ഭരണപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ വിട്ടു നില്‍ക്കും. ഔദ്യോഗികമായി ക്ഷണികാത്തതിനെത്തുടര്‍ന്ന് പ്രതിഷേധ സൂചകമായാണ് വി.എസ് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം. പ്രവേശന പാസു മാത്രമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് സിപിഎം നേതൃത്വം നല്‍കിയത്.
തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നത്. മറ്റ് എംഎല്‍എമാര്‍ക്കു നല്‍കിയ പോലെ പാസുമാത്രം അയച്ചു നല്‍കി പ്രാധാന്യമില്ലാതെയാണ് വി.എസിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇത് പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതിനിടെ, സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷവും അറിയിച്ചു. ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.