തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ഇന്നലെ രാത്രി മുതല്‍ നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.
കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിന് തയാറായാണ്.

എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘവും പ്രവര്‍ത്തനസജ്ജമാണ്. നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കുമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.