പാരീസ്: ലോകകപ്പ് വിവാദങ്ങളില്‍ മനസുതുറന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. മത്സരങ്ങളില്‍ താന്‍ അമിതമായി പെരുമാറിയിരുന്നുവെന്ന് നെയ്മര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു.

ലോകകപ്പ് മത്സരം നടക്കുമ്പോള്‍ മൈതാനത്ത് താന്‍ ഒരുപാട് അനുഭവിച്ചു. ചിലപ്പോള്‍ പ്രതികരിക്കുന്നത് ഓവറായിട്ടിരാക്കാം. ഞാന്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ആര്‍ക്കുമറിയില്ലെന്നും നെയ്മര്‍ പറഞ്ഞു.

ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് പരാജയപ്പെട്ട് ബ്രസീല്‍ പുറത്തുപോവുകയായിരുന്നു.

‘നിങ്ങള്‍ക്കെന്നെ കല്ലെറിയാം, എറിയാതിരിക്കാം. ഞാന്‍ പുതിയ മനുഷ്യനാവാന്‍ ശ്രമിക്കുകയാണ്. ഒരുപക്ഷേ, എന്റെയുള്ളില്‍ പോക്കിരിയായ അല്ലെങ്കില്‍ വികൃതിയായ ഒരു കുട്ടിയുണ്ടായിരിക്കാം. അതിനെ എന്റെ ഉള്ളില്‍ തന്നെ തളച്ചിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൈതാനത്ത് പ്രകടപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളെക്കൂടി നിരാശരാക്കേണ്ട എന്ന് കരുതിയാണ് തോല്‍ക്കുമ്പോള്‍ മാധ്യമങ്ങളില്‍ മുഖം കാണിക്കാതിരിക്കുന്നത്’- നെയ്മര്‍ പറയുന്നു.

ലോകകപ്പില്‍ മൈതാനത്ത് നെയ്മര്‍ ഓവര്‍ആക്റ്റിങ് നടത്തുന്നുവെന്ന് വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ താരം ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ആഴ്ച്ചകള്‍ക്കുശേഷം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.