തിരുവനന്തപുരം: യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരികടത്ത് കേസുകളില്‍ നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. അതിനിടെ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പരാമര്‍ശം സഭയില്‍ ബഹളം സൃഷ്ടിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളിലടക്കം ലഹരി ഉപയോഗം വല്ലാതെ വര്‍ധിച്ചെന്നും ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം പാര്‍ട്ടി മുന്‍ സെക്രട്ടറിയുടെ മകന്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും ബംഗളുരു ജയിലില്‍ കിടക്കുന്നത് ആരെന്ന് നോക്കിയാല്‍ ലഹരി കടത്തിലെ ഉന്നത ബന്ധങ്ങള്‍ മനസിലാകുമെന്നും പ്രതിപക്ഷം പറഞ്ഞു. ബിനീഷിന്റെ പേര് പരാമര്‍ശിച്ചത് സഭയില്‍ ഭരണപക്ഷത്തിന്റെ ബഹളത്തിന് ഇടയാക്കി.