ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് സമിതിയില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഭൂപീന്ദര്‍ സിങ് മന്‍ അറിയിച്ചു.

താന്‍ എല്ലായ്‌പ്പോഴും എന്റെ കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്‍ക്കുന്നു. ഒരു കര്‍ഷകനെന്ന നിലയിലും ഒരു യൂണിയന്‍ നേതാവെന്ന നിലയിലും കര്‍ഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത്, പഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാന്‍ ഞാന്‍ തയ്യാറാണ്. സമിതിയില്‍ നിന്ന് ഞാന്‍ പിന്മാറുന്നു മന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭൂപിന്ദര്‍ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീം കോടതി രൂപീകരിച്ച സമിതി.

ഇനിയൊരുത്തരവുണ്ടാകുന്നതുവരെ കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്ത സുപ്രീംകോടതി, കര്‍ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗം കേട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് നാലംഗ സമിതിയെ നിയോഗിച്ചത്.