തിരുവനന്തപുരം: ബന്ധു നിയമന ആരോപണത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രിയെ ട്രോളി മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് പികെ ഫിറോസ്. ‘സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’ എന്ന ജലീലിന്റെ മുന്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫിറോസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. സത്യമേവജയതേ എന്നാണ് ഫിറോസ് ഇതിന് അടിക്കുറിപ്പായി നല്‍കിയത്.

ബന്ധുവായ കെടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതിലുള്ള അഴിമതി പികെ ഫിറോസാണ് പുറത്തുകൊണ്ടുവന്നത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.

വി.കെ. മുഹമ്മദ് ഷാഫി ആണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.