കോഴിക്കോട്: പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തിയ സി.പി.എം പ്രവര്‍ത്തകനായ ഇസ്മയീല്‍ കുറുമ്പൊയിലിന്റെ നടപടിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഇങ്ങിനെയൊരു പോസ്റ്റ് ഒരു ലീഗുകാരന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ (നേതാവാകണമെന്നില്ല സാധാ പ്രവര്‍ത്തകനാണെങ്കില്‍ പോലും) ഉറപ്പിച്ച് പറയാനാവും അയാള്‍ പിന്നെ ലീഗിലുണ്ടാവില്ല, പക്ഷെ ദിവസം ഒന്ന് കഴിഞ്ഞിട്ടും ഇയാള്‍ സി.പി.എമ്മില്‍ സസുഖം വാഴുകയാണ്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം ആര്‍ജ്ജവം കാണിക്കുമോ? എന്ന് പി.കെ ഫിറോസ് ചോദിച്ചു.

‘കരുതിയിരിക്കുക. അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുന്നുണ്ടത്രേ’. ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാണിത്. ഇത് പോസ്റ്റ് ചെയ്തത് ഒരു ആര്‍.എസ്.എസ്സുകാരനല്ല. അസ്സല്‍ സി.പി.എം കാരന്‍, പേര് ഇസ്മയീല്‍ കുറുമ്പൊയില്‍’ ഇയാള്‍ സാധാ പ്രവര്‍ത്തകനല്ല. സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി, പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച നേതാവാണ്’. ഫിറോസ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

‘കളി അവിടെയും അവസാനിപ്പിച്ചില്ല. പനങ്ങാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ പേരില്‍ ഒരു നോട്ടീസുമിറക്കി പ്രചരിപ്പിക്കുന്നു. മാര്‍ക്‌സിസ്റ്റുകള്‍ മുത്ത് നബിയെ അപമാനിച്ചത് കൊണ്ട് ജിഹാദിന് തയ്യാറാവുക എന്നാഹ്വാനം ചെയ്യുന്നതാണ് നോട്ടീസ്. ഇത് അടിച്ചിറക്കിയത് സി.പി.എമ്മാണെന്ന് പൂര്‍ണ്ണമായ തെളിവ് കിട്ടിയിട്ടില്ലെങ്കിലും ഇത് വാട്‌സാപ്പില്‍ ആദ്യമായി പ്രചരിപ്പിച്ച ആളെ കിട്ടിയിട്ടുണ്ട്. പേര് കെ.പി ദിലീപ് കുമാര്‍, സി.പി.എം കിനാലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും തോരാട് ബ്രാഞ്ച് സിക്രട്ടറിയുമാണ്. ഇത് സംബന്ധിച്ച് ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയും പനങ്ങാട് പഞ്ചായത്ത് കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമോ എന്ന് കാത്തിരുന്ന് കാണാം’ ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കരുതിയിരിക്കുക. അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുന്നുണ്ടത്രേ’.
ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാണിത്. ഇത് പോസ്റ്റ് ചെയ്തത് ഒരു ആര്‍.എസ്.എസ്സുകാരനല്ല. അസ്സല്‍ സി.പി.എം കാരന്‍, പേര് ഇസ്മയീല്‍ കുറുമ്പൊയില്‍.

ഇയാള്‍ സാധാ പ്രവര്‍ത്തകനല്ല.സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി, പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച നേതാവാണ്. ഇങ്ങിനെയൊരു പോസ്റ്റ് ഒരു ലീഗുകാരന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ (നേതാവാകണമെന്നില്ല സാധാ പ്രവര്‍ത്തകനാണെങ്കില്‍ പോലും) ഉറപ്പിച്ച് പറയാനാവും അയാള്‍ പിന്നെ ലീഗിലുണ്ടാവില്ല. പക്ഷേ ദിവസം ഒന്ന് കഴിഞ്ഞിട്ടും ഇയാള്‍ സി.പി.എമ്മില്‍ സസുഖം വാഴുകയാണ്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം ആര്‍ജ്ജവം കാണിക്കുമോ?

കളി അവിടെയും അവസാനിപ്പിച്ചില്ല. പനങ്ങാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ പേരില്‍ ഒരു നോട്ടീസുമിറക്കി പ്രചരിപ്പിക്കുന്നു. മാര്‍ക്‌സിസ്റ്റുകള്‍ മുത്ത് നബിയെ അപമാനിച്ചത് കൊണ്ട് ജിഹാദിന് തയ്യാറാവുക എന്നാഹ്വാനം ചെയ്യുന്നതാണ് നോട്ടീസ്. ഇത് അടിച്ചിറക്കിയത് സി.പി.എമ്മാണെന്ന് പൂര്‍ണ്ണമായ തെളിവ് കിട്ടിയിട്ടില്ലെങ്കിലും ഇത് വാട്‌സാപ്പില്‍ ആദ്യമായി പ്രചരിപ്പിച്ച ആളെ കിട്ടിയിട്ടുണ്ട്. പേര് കെ.പി ദിലീപ് കുമാര്‍, സി.പി.എം കിനാലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും തോരാട് ബ്രാഞ്ച് സിക്രട്ടറിയുമാണ്. ഇത് സംബന്ധിച്ച് ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയും പനങ്ങാട് പഞ്ചായത്ത് കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമോ എന്ന് കാത്തിരുന്ന് കാണാം.
അവസാനമായി സി.പി.എം നേതൃത്വത്തോട്. ഇത് കൈവിട്ട കളിയാണ്. ഈ തീക്കളിയില്‍ നിന്നും നിങ്ങള്‍ പിന്‍മാറണം. വര്‍ഗ്ഗീയ വാദികള്‍ പലവുരു ശ്രമിച്ചിട്ടും നമ്മുടെ നാടിന്റെ മതേതര സ്വഭാവത്തിന് ഒരു പോറലുമേല്‍പ്പിക്കാനായിട്ടില്ല. നിങ്ങളായിട്ട് അത് ചെയ്യരുത്. ഈ നാട് ഇങ്ങനെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു പാട് മനുഷ്യരിവിടെ ബാക്കിയുണ്ട്. അവരുടെ സ്വസ്ഥത നശിപ്പിക്കരുത്.