ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ ഞാനൊരു ചാനൽ സ്റ്റുഡിയോയിൽ ചർച്ചയിലായിരുന്നു. അവസാനം മഞ്ചേശ്വരത്തെ ഫലം കൂടിവരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചാനലിലെ മാധ്യമ പ്രവർത്തകരധികവും ഇടതുപക്ഷ അനുഭാവികളാണെന്നത് ഇടതുപക്ഷം അധികാരത്തിലെത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് കണ്ടപ്പോൾ എനിക്ക് ബോധ്യമായി. അവസാനം 89 വോട്ടിന് മുസ്ലിം ലീഗിലെ പി.ബി അബ്ദുറസാഖ് ജയിച്ചു എന്ന വാർത്ത വന്നപ്പോൾ ആ മാധ്യമ പ്രവർത്തകരെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആ വാർത്തയെ അവർ സ്വീകരിച്ചത്.

അന്ന് പരാജയപ്പെട്ട കെ.സുരേന്ദ്രൻ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. എം.എൽ.എ ആവണം എന്ന് മോഹിക്കുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷേ കോടതി വഴി എം.എൽ.എ ആയിക്കളയാമെന്ന് കരുതുന്നത് അതിമോഹമല്ലേ?

എന്ത് കൊണ്ട്?

സുരേന്ദ്രൻ കൊടുത്ത പരാതിയിൽ പറയുന്നത് വോട്ട് ചെയ്ത 197 പേർ ആ സമയത്ത് വിദേശത്തായിരുന്നുവെന്നും അവരുടെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നുമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഏതെങ്കിലും തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. സുരേന്ദ്രൻ വീണ്ടും കോടതിയെ സമീപിച്ച് ഈ ലിസ്റ്റ് കേന്ദ്ര സർക്കാരിനോട് പരിശോധിക്കാൻ കോടതി നിർദ്ധേശിക്കണമെന്നാവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ഇക്കഴിഞ്ഞ മാർച്ച് മാസത്തിനുള്ളിൽ ലിസ്റ്റ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ധേശം നൽകി. എന്നാൽ യഥാ സമയം ലിസ്റ്റ് സമർപ്പിക്കാൻ അവർക്കായില്ല. നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം ആ രാജ്യത്തിന്റെ പ്രധാനമന്ത്രി അറിയുന്നതിനു മുൻപേ അറിയാൻ മാത്രം സാങ്കേതികവിദ്യ സ്വന്തമായുള്ള ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോഴാണ് ഈ ലിസ്റ്റൊന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവർക്ക് കഴിയാതെ പോയത്.

അവസാനം ലിസ്റ്റ് പരിശോധിച്ചു ഈ മാസം റിപ്പോർട്ട് സമർപ്പിച്ചു. കേവലം 26 പേരുടെ റിപ്പോർട്ട് മാത്രമാണ് സമർപ്പിക്കാനായത്. അതിൽ 6 പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും 20 പേർ വിദേശത്തായിരിക്കാമെന്നുമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. അതായത് വിദേശത്താണോ എന്ന കാര്യം ഉറപ്പില്ല എന്നർത്ഥം. കോടതി ആ റിപ്പോർട്ട് തള്ളി. അത് സംബന്ധിച്ച സുരേന്ദ്രന്റെ പെറ്റീഷൻ ഡിസ്മിസ് ചെയ്ത കോടതി സുരേന്ദ്രന്റെ ചെലവിൽ തെളിവുകൾ ഹാജരാക്കാൻ നിർദ്ധേശിക്കുകയാണുണ്ടായത്.

ഒടുവിൽ സുരേന്ദ്രൻ പറഞ്ഞത് പ്രകാരം 11 പേർക്ക് സമൻസയച്ചു. മൂന്നു പേർ കോടതിയിൽ ഹാജരായി. രണ്ടു പേർ ജീവിതത്തിലിന്നു വരെ ഗൾഫിൽ പോകാത്തവർ. മറ്റൊരാൾ അന്നു നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്ന് പറഞ്ഞാൽ നാളിത് വരെ സുരേന്ദ്രന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല.

വസ്തുതകൾ ഇങ്ങിനെയാണെന്നിരിക്കെയാണ് ലീഗ് എം.എൽ.എ സ്ഥാനം രാജി വെച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു എന്ന വാർത്ത പടച്ചുവിട്ടത്. ഓൺലൈൻ മാധ്യമങ്ങളെ നമുക്ക് മനസ്സിലാക്കാം. പക്ഷേ മാതൃഭൂമി അത്തരമൊരു വാർത്ത ഏറ്റെടുക്കുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. അവർ ഒരുപടി കൂടി മുന്നോട്ട് പോയി. വേങ്ങര ഇലക്ഷന്റെ കൂടെ മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടത്താനാണ് ലീഗിന്റെ പ്ലാൻ എന്ന് കൂടി പറഞ്ഞു കളഞ്ഞു.ആ വാർത്ത തെറ്റായിരുന്നു എന്ന് പറയാനുള്ള മാധ്യമ സത്യസന്ധത മാതൃഭൂമി കാണിക്കണം എന്നാണാവശ്യപ്പെടാനുള്ളത്.

ഇനി കേസിലേക്ക് തന്നെ വരാം. ഞങ്ങൾക്ക് കോടതിയിൽ നല്ല വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ ഈ കേസിന്റെ വിധിയിൽ ഞങ്ങൾക്കൊരാശങ്കയുമില്ല. അവസാനം വിധി വരുമ്പോൾ ഒരു കയ്യടി കൂടി ഉയരും. മതേതര കേരളത്തിന്റെ നിലക്കാത്തകയ്യടി.