മലപ്പുറം: ഹത്രാസ് കൂട്ടബലാല്‍സംഘം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പത്രപ്രവര്‍ത്തകയൂണിയന്‍ നോതാവ് കൂടിയായ സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഗിലേന്ത്യാ ജനറല്‍ സെക്രറട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ പറ്റി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നിലവില്‍ കോവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജിലാണുള്ളത്. നാല് ദിവസമായി ഭക്ഷണം പോലും നിഷേധിച്ച് കൈകള്‍ക്ക് ചങ്ങലയിട്ടിരിക്കുകയാണന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത സ്ഥിതിയാണ് അദ്ദേഹത്തിനുള്ളത്. ഡല്‍ഹിയിലെ എയിംസിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, അഭ്യന്തരമന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടി കത്തെഴുതിയിട്ടുണ്ട്.