മലപ്പുറം: യാഥാര്‍ത്ഥ്യ ബോധമില്ലാത്ത സര്‍വേഫലങ്ങളാണ് പുറത്ത് വരുന്നതെന്നും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

സ്ഥാനാര്‍ത്ഥി വരും മുമ്പ് നടത്തിയ സര്‍വേകള്‍ വിലയില്ലാത്തതാണ്. സര്‍വേയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നത് മണ്ഡലങ്ങളെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തവരാണ്. എല്‍ഡിഎഫ് തയ്യാറാക്കി നല്‍കിയ തിരക്കഥകള്‍ക്ക് അനുസരിച്ചാണ് സര്‍വേകള്‍ നടക്കുന്നത്. സര്‍വേകള്‍ക്കായി പണം നല്‍കാന്‍ യുഡിഎഫിന്റെ കൈയ്യില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്നായിരുന്നു സര്‍വേഫലങ്ങള്‍. ആ സര്‍വേ മാത്രം കണ്ടാല്‍ മതി സര്‍വേയുടെ നിലവാരം അറിയാന്‍. സര്‍വേ കണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ നിരാശരാകുമെന്ന് ആരും ധരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് മുമ്പ് തന്നെ പല മാധ്യമങ്ങളും സര്‍വേ ആരംഭിച്ചിരുന്നു. യുഡിഎഫിന്റെ ഉറച്ച സീറ്റുകളില്‍ പോലും എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പല മാധ്യമങ്ങളുടെയും സര്‍വേഫലങ്ങള്‍.