ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ഏപ്രില്‍ 19-ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര പൊലീസിന് നീതി പുലരണമെന്ന ആത്മാര്‍ഥമായ ആഗ്രഹത്തെക്കാള്‍ സ്വതന്ത്ര അന്വേഷണം നടക്കരുതെന്ന താല്‍പര്യമാണുള്ളതെന്ന് സംശയിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു.

2014 ഡിസംബര്‍ ഒന്നിനാണ് സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. ഒരു സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ ലോയ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ലോയയുടെ മരണം കൊലപാതകമാണെന്നും സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായിരുന്ന അമിത് ഷാക്ക് ഇതില്‍ പങ്കുണ്ടെന്നും പിന്നീട് ആരോപണമുയര്‍ന്നു. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. മാത്രമല്ല മുതിര്‍ന്ന നാല് ജഡ്ജിമാരെ പരിഗണിക്കാതെ മോദിയുടെ പ്രിയപ്പെട്ട ജഡ്ജിയുടെ ബെഞ്ചിലേക്ക് കേസ് മാറ്റുകയുമായിരുന്നു. ഇതാണ് പിന്നീട് സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താസമ്മേളനം വിളിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചത്.

ഏപ്രില്‍-19ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം തള്ളി. ഹര്‍ജിക്കാരന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന ഗുരുതര ആരോപണമുന്നയിച്ച സുപ്രീം കോടതി ഇനി രാജ്യത്തെ ഒരു കോടതിയും ഈ കേസ് പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവിട്ടു. ഈ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ലോയേഴ്‌സ് അസോസിയേഷന്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.