ഹൈദരാബാദ്: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി നടപടി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. പൊതുതാല്‍പര്യ ഹര്‍ജികള്‍ വിവാദങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കോടതി വിധി വന്ന ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോടതി വിധി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍.എസ് സുര്‍ജേവാല പറഞ്ഞു.