ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്.  രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി..

ശശി തരൂര്‍ എം.പി. രചിച്ച ‘ദി പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ.സിങ്. മോദി ഒരു പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ ആണ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മോദി ഇന്ന് ജനങ്ങള്‍ക്കുമുമ്പില്‍ പരാജിതനെപ്പോലെ നില്‍ക്കുകയാണ്. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം മോദി തകര്‍ത്തതായും മന്‍മോഹന്‍ സിങ് പറഞ്ഞു.

രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി കുറ്റകരമായ മൗനത്തിലാണുള്ളത്. രാജ്യത്തു നടക്കുന്ന വര്‍ഗീയകലാപങ്ങളിലും ആള്‍ക്കൂട്ടക്കൊലകളിലും ഗോസംരക്ഷകരുടെ ആക്രമണങ്ങളിലും വാചാലനായ മോദി മൗനംപാലിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

മോദി തികഞ്ഞ വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയാണ്. താന്‍ എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നാണു മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അങ്ങനെയല്ല പെരുമാറുന്നത്. തരൂര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അതു മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഡോ മന്‍മോഹന്‍ സിങ് പറഞ്ഞു.


അബദ്ധനീക്കങ്ങള്‍ കാരണം തകര്‍ന്ന സമ്പദ് വ്യവസ്ഥ, തൊഴിലില്ലായ്മ, കര്‍ഷകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അതൃപ്തി, കുതിച്ചുയരുന്ന കര്‍ഷക ആത്മഹത്യകള്‍, സുരക്ഷിതമല്ലാത്ത അതിര്‍ത്തികള്‍ ഇതൊക്കെയാണ് മോദി ഭരിക്കുന്ന ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ.യില്‍ എന്നതുപോലെ സര്‍വകലാശാലകളിലെയും ദേശീയ സ്ഥാപനങ്ങളിലെയും അന്തരീക്ഷം കലുഷമാക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.