കോട്ടയം: നിപാ വൈറസ് ബാധ കോഴികളിലൂടെയാണ് പകരുന്നതെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു.

മൂവാറ്റുപുഴ സ്വദേശി പി.എം സുനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സന്ദേശം ആദ്യം പോസ്റ്റ് ചെയ്ത മൊബൈല്‍ നമ്പറാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.
നിപാ വൈറസ് പകരുന്നത് കോഴിയിറച്ചിയിലൂടെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സന്ദേശമെന്ന രീതിയിലായിരുന്നു പ്രചരണം.

ആരോഗ്യവകുപ്പിന്റെ സീല്‍ അടക്കം വ്യാജമായി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാട്‌സആപ്പിലാണ് വ്യാജ പ്രചരണം കൂടുതലായി നടന്നത്. ഇതോടെ നിപാ വൈറസ് പനി ബ്രോയിലര്‍ കോഴികളിലൂടെ പകരുന്നുവെന്ന രീതിയില്‍ ഡി.എം.ഒ സന്ദേശമാണെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഇന്നലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആദ്യം സന്ദേശം പോസ്റ്റു ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞത്.

ഡി.എം.ഒയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശം:

‘നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നുവെന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു’

ഇന്നലെ മുതലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വാര്‍ത്തകളെ തള്ളിക്കളയണമെന്നും കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.