ഉത്തര്‍പ്രദേശ്: ബി.ജെ.പി എം.എല്‍.എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ബദൗനിയിലെ ബിസൈലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ട് വര്‍ഷത്തോളം എം.എല്‍.എ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

എം.എല്‍.എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുശാഗ്ര സാഗര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അന്ന് പെണ്‍കുട്ടിക്ക് 17 വയസായിരുന്നു പ്രായം. ‘പ്രായപൂര്‍ത്തിയായ ശേഷം എം.എല്‍.എ എന്നെ വിവാഹം ചെയ്യുമെന്നായിരുന്നു ആദ്യ തവണ പീഡിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് യോഗേന്ദ്ര സാഗര്‍ എനിക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ എം.എല്‍.എയുടെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു. ഞാനിപ്പോള്‍ സമൂഹത്തിന് മുന്നില്‍ പരിഹാസ പാത്രമാവുകയാണ്. എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിരവധി ഫോണ്‍കോളുകളാണ് വരുന്നത്. എം.എല്‍.എ എന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും’-പെണ്‍കുട്ടി പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഉന്നാവോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് എം.എല്‍.എ കുല്‍ദീപ് സിങ് അറസ്റ്റിലായത്. ഈ പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും എം.എല്‍.എക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കേസ് ഇപ്പോള്‍ സി.ബി.ഐ അന്വേഷിച്ച് വരികയാണ്.