തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചതായി പൊലീസ് ഡ്രൈവറുടെ പരാതി. ബറ്റാലിയന്‍ എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചതായി കാണിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കറാണ് മ്യൂസിയം പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ ഗവാസ്‌കര്‍ ഇപ്പോള്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രഭാത നടത്തത്തിനായി എ.ഡി.ജി.പിയുടെ മകളേയും ഭാര്യയേയും തിരുവനന്തപുരം കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കറിനെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ഗവാസ്‌കര്‍ എ.ഡി.ജി.പിയോട് പരാതി പറഞ്ഞിരുന്നു. രാവിലെ കനകക്കുന്നില്‍ വെച്ച് വീണ്ടും അസഭ്യം പറഞ്ഞപ്പോള്‍ ഗവാസ്‌കര്‍ വാഹനം ഓടിക്കാനാവില്ലെന്ന് പറഞ്ഞ് സൈഡാക്കി. ഇതില്‍ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകള്‍ വാഹനത്തില്‍ നിന്നിറങ്ങി മൊബൈല്‍ ഫോണ്‍ കൊണ്ട് ഗവാസ്‌കറിന്റെ കഴുത്തിന് താഴെ ഇടിക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തില്‍ പ്രതികരിക്കാന്‍ എ.ഡി.ജി.പി തയ്യാറായിട്ടില്ല.