മുക്കം: ‘ അതാ… ആ കടയിലേക്ക് ചെറുനാരങ്ങ വാങ്ങാന്‍ പോയ എന്റ മകന്‍ ഷിബിലിയെ പീടിക ക്കോലായില്‍ വെച്ചാണ് പൊലീസ് പിടിച്ചു കൊണ്ടുപോയത്. മകനെയോര്‍ത്ത് രാവും പകലും കരച്ചിലിലാണ് എന്റെ ഭാര്യ , ഞാനും അങ്ങേയറ്റത്തെ സങ്കടത്തിലാണ്’ ഗെയില്‍ സമര കേന്ദ്രമായ എരഞ്ഞിമാവ് അങ്ങാടിയിലേക്ക് ചൂണ്ടിക്കൊണ്ട് മുസ്തഫ കോഴിശ്ശേരി വിതുമ്പി. എരഞ്ഞി മാവ് അങ്ങാടിയില്‍ ഓട്ടോറിക്ഷ തൊഴിലാളിയാണിദ്ദേഹം.

‘കണ്ണെത്തും ദൂരത്തുള്ള സമരപ്പന്തലിലൊ ഇവിടെ നടക്കുന്ന സമരത്തിലൊ ഒരിക്കല്‍ പോലും എന്റെ മകനെ കണ്ടതായി ഒരു പൊലീസിനും തെളിയിക്കാന്‍ കഴിയില്ല. കഴിഞ്ഞ ബുധനാഴ്ച പത്ത് മണിക്ക് ഭാര്യ ,ചെറുനാരങ്ങ വാങ്ങാന്‍ പറഞ്ഞയച്ചതായിരുന്നു. സമരപ്പന്തല്‍ പൊളിക്കലും മറ്റുമായി ഇവിടെ സമരമായിരുന്നു. . പക്ഷേ കച്ചവടക്കാര്‍ക്കും വീടുകള്‍ക്കും നേരെ പൊലീസ് അക്രമാസക്തമാവുമെന്ന് ആരറിഞ്ഞു? പൊലീസ് പിടിച്ച് വണ്ടിയിലിട്ട് മുക്കം സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു തെറ്റും കുറ്റവും ചെയ്തിട്ടില്ലല്ലോ. അതിനാല്‍ രാത്രി വിട്ടയക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതും നടന്നില്ല. പീടികയില്‍ സാധനം വാങ്ങാന്‍ വന്ന മകന്‍ ഇപ്പോള്‍ കഴിയുന്നത് പുതിയ റ ജയിലില്‍; നഴ്‌സിംഗ് പ്രവേശനത്തിന് ശ്രമിക്കുന്നതോടൊപ്പം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് പൊലീസ് വെരിഫിക്കേഷന്‍ കാത്തിരിക്കുകയുമാണ്. എല്ലാം എന്താകും? പടച്ചവന്‍ കാക്കട്ടെ.’ചിരിയടങ്ങി, ദുഃഖത്തിന്റെ കരിനിഴല്‍ വീണ മുഖഭാവത്തില്‍ മുസ്തഫ ആശങ്കകളും സങ്കടങ്ങളും പങ്കിട്ടു.

കക്കാട് വടക്കയില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ അംജദിന്റെ കഥയും ഏതാണ്ടിതു തന്നെ. പൊലീസ് നരനായാട്ടിന്റെ ഭാഗമായാണ് ഈ വിദ്യാര്‍ഥിയും ജയിലില്‍ കഴിയേണ്ടിവന്നത്. സമരത്തിലും സംഘര്‍ഷത്തിലുമൊന്നും പങ്കാളിയായിട്ടില്ല. സുഹൃത്തിനൊപ്പം എരഞ്ഞിമാവ് വഴി കടന്നു പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിച്ചതച്ച് അറസ്റ്റ് ചെയ്ത് എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഈ വിദ്യാര്‍ഥികളും ഇരകളാകേണ്ടി വന്നു. അകാരണമായി മകന്‍ ജയിലില്‍ കഴിയേണ്ടി വന്നതില്‍ ദുഃഖത്തിലാണ്ട് കഴിയുകയാണ് നാടും കുടുംബവും.
എരഞ്ഞിമാവ് ചോലക്കല്‍ റഷീദിന്റെ മകന്‍ ജംഷിദിനെ പൊലീസ് പിടിച്ചു കൊണ്ടുപോയത് വീടിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ കയറി സംഘര്‍ഷത്തിന്റെ കാഴ്ചക്കാരനായിരിക്കുമ്പോഴായിരുന്നു. ഈ വിദ്യാര്‍ഥിയും സമരത്തില്‍ ഒരു നിലക്കും പങ്കാളിയല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

എരഞ്ഞിമാവ് അങ്ങാടിയിലെ എം.സി.കൂള്‍ബാര്‍ ജോലിക്കാരനായ മുഹമ്മദ് അസ്ലമിനെ അറസ്റ്റ് ചെയ്തത് പീടികക്കോലായില്‍ വെച്ചാണ്. സമരക്കാരും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ കാരണം കടയടച്ച് വരാന്തയില്‍ നില്‍ക്കുകയായിരുന്നു ഇദ്ദേഹം. ഇതെല്ലാം കരഞ്ഞു പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തെരട്ടമ്മല്‍ സ്വദേശിയായ മുഹമ്മദ് അസ്ലം ഉമ്മയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ്. സമരവുമായി യാതൊരു ബന്ധവുമില്ലാതെ ജോലിയുമായി കഴിയും. മകന്‍ അറസ്റ്റിലായതോടെ മാതാവ് രാപ്പകല്‍ കണ്ണീരിലാണ്ട് കഴിയുകയാണ്. അറസ്റ്റിലായവരില്‍ അധികവും നിരപരാധികളായ കാഴ്ചക്കാരും യാത്രക്കാരു മാണ്.