കായംകുളം: വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ ബൈക്ക് ഓടിച്ചു പോയ യുവാവിനെ പൊലിസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തി. സംഭവത്തെ തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മാവേലിക്കര കറ്റാനം മങ്ങാരത്ത് കൊപ്പാറപടിറ്റതില്‍ നിസാമിനെ (22)യാണ് പൊലീസ് എറിഞ്ഞുവീഴ്ത്തിയത്. ഇന്നലെ രാത്രി 8.30 ഓടെ ചൂനാട് ജംഗ്ഷനിലായിരുന്നു സംഭവം. പൊലീസ് പരിശോധന നടത്തുന്നതിനിടെ ഇതു വഴി എത്തിയ നിസാം ഇരുട്ടുള്ള പ്രദേശത്ത് നിന്ന് വാഹന പരിശോധന നടത്തിയ പൊലീസ് സംഘത്തെ കാണാന്‍ കഴിയാതെ മുന്നോട്ട് പോയപ്പോഴായിരുന്നു ബൈക്കിന് പുറകെ ഓടിയയെത്തിയ പൊലീസുകാരന്‍ ലാത്തികൊണ്ട് നിസാമിനെ എറിഞ്ഞുവീഴ്ത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ നിസാം ബോധരഹിതനാവുകയായിരുന്നു. നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്നാണ് പൊലീസ് ജീപ്പില്‍ കായംകുളം സര്‍ക്കാര്‍ ആസ്പത്രിയില്‍ നിസാമിനെ എത്തിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.