‘അമേരിക്ക ഒന്നാമത് ‘ എന്ന മുദ്രാവാക്യവുമായി രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ ഡൊണാള്‍ഡ് ജെ. ട്രംപിനുകീഴില്‍ വൈറ്റ്ഹൗസ് ഭരണംതന്നെ അനിശ്ചിതാവസ്ഥയിലായിട്ട് ഒരുമാസമാകുകയാണ്. മെക്‌സിക്കോ അതിര്‍ത്തിയില്‍ 930 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 22ന് ആരംഭിച്ച തര്‍ക്കമാണ് പ്രതിസന്ധിയിലേക്ക് എത്തിച്ചതെങ്കിലും നിസ്സാരമായൊരു പ്രശ്‌നത്തെ ഊതിവീര്‍പ്പിച്ചിരിക്കുന്നത് പ്രസിഡന്റ് തന്നെയാണെന്നതാണ ്‌ലോകത്തെ ഈ വന്‍ശക്തിരാഷ്ട്രത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു ഫുട്‌ബോള്‍ടീമിന് നല്‍കിയ സ്വീകരണത്തിന്റെ ഭക്ഷണച്ചെലവ് സ്വന്തം കീശയില്‍നിന്നെടുത്ത് ചെലവാക്കേണ്ട ഗതികേടിലായി ട്രംപ്. ശമ്പളമില്ലാത്തതിനാല്‍ വൈറ്റ്ഹൗസിലെ പാചകക്കാര്‍പോലും അവധിയിലായതാണ് ട്രംപിനെ ഇതിന് നിര്‍ബന്ധിതമാക്കിയത്. ഭരണപ്രതിസന്ധിക്കിടെ വേണ്ടിവന്നാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണി മുഴക്കുകയാണ് പ്രസിഡന്റ്.
മെക്‌സിക്കന്‍ അതിര്‍ത്തിമതിലിന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ട ചെലവ് സെനറ്റ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ സര്‍ക്കാര്‍ ബില്ലുകളും തടഞ്ഞുവെച്ചിരിക്കുന്നത്. മതിലിനായി ട്രംപ് സര്‍ക്കാര്‍ 5700 കോടി ഡോളറാണ് ആവശ്യപ്പെടുന്നത്. വേണെങ്കില്‍ 1600കോടി ഡോളര്‍ അനുവദിക്കാമെന്ന് ചില സെനറ്റര്‍മാര്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച നിര്‍ദേശം ട്രംപ് മുഖവിലക്കെടുത്തില്ല. ട്രംപ് പറയുന്നത് തുക പാസാക്കിയില്ലെങ്കില്‍ ഭരണസ്തംഭനം തുടരട്ടെയെന്നാണ്. ഏതാണ്ട് എട്ടുലക്ഷം സര്‍ക്കാര്‍ ജീവനക്കാരെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നാണ് വിവരം. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം അത്യപൂര്‍വമാണ്. പ്രതിരോധം, മനുഷ്യസേവനം തുടങ്ങിയ വകുപ്പുകളിലെ ചെലവുകള്‍ ഇതിനകം പാര്‍ലമെന്റ് പാസാക്കിയെങ്കിലും അതിര്‍ത്തിരക്ഷാസേന, പൊതുഭരണം, ആഭ്യന്തരസുരക്ഷ, സാമൂഹികനീതി തുടങ്ങിയ ഏഴോളം വകുപ്പുകളിലേക്കുള്ള ബില്ലുകളാണ് തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നത്. ഇരുവിഭാഗവും തുടരുന്ന തര്‍ക്കം ഇനിയെത്രകാലം നീളുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. ട്രംപും സ്പീക്കര്‍ നാന്‍സിപെലോസിയും സെനറ്റിലെ നേതാവ് ചാക്ഷൂമറും പങ്കെടുത്ത യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കരുതിയിരുന്നെങ്കിലും ട്രംപിന്റെ കടുംപിടുത്തവും ഇറങ്ങിപ്പോക്കും കാരണം യോഗം വൃഥാവിലാകുകയായിരുന്നു. ഇക്കണക്കിന് ഫെബ്രുവരിയിലെ ബജറ്റവതരണം വരെ പ്രശ്‌നം തുടര്‍ന്നേക്കുമെന്നാണ് നിരീക്ഷകരുടെ പക്ഷം. എട്ടുലക്ഷത്തിലെ 38000 പേര്‍ അവധിയിലും ബാക്കിയുള്ളവര്‍ ശമ്പളമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയിലുമാണിപ്പോള്‍. രാജ്യത്തിന്റെ വളര്‍ച്ച ഇതുമൂലം 0.1 ശതമാനം ഇടിയുമെന്നാണ് കണക്ക്. വിമാനയാത്രക്കാരുടെ എണ്ണത്തിലും മറ്റും ഗണ്യമായ കുറവുണ്ടെന്ന് കമ്പനികള്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ ട്രംപിന്റെ വക്താവ് രാജ്മിശ്ര കഴിഞ്ഞദിവസം രാജിവെച്ചു.
ട്രംപിന്റെ ദുര്‍വാശിയാണ് ഇതിനൊക്കെ കാരണമെന്നാണ് പ്രതിപക്ഷം പറയുന്നതെങ്കില്‍, മെക്‌സിക്കോ വഴിയുള്ള കുടിയേറ്റം ഇനിയും തടയാനായില്ലെങ്കില്‍ രാജ്യം കടുത്തസാമ്പത്തികപ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള വിദേശപൗരന്മാരുടെ കുടിയേറ്റം വലിയ പ്രചാരണവിഷയമായി ഉയര്‍ത്തിയാണ് ട്രംപ് 2017ല്‍ അധികാരത്തിലെത്തിയതെന്നതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പിറകോട്ടുപോകാനാകില്ല. എന്നാല്‍ ഇത്രയും വലിയതുക ഖജനാവില്‍നിന്ന് എടുത്തുനല്‍കാനാകില്ലെന്നും ഡ്രോണ്‍ നിരീക്ഷണംപോലെ അത്യാധുനികസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുടിയേറ്റക്കാരെ തടയണമെന്നുമാണ് ഡോമോക്രാറ്റുകളുടെ വാദം. ‘ശക്തവും ബുദ്ധിപൂര്‍വകവും ഫലപ്രദവുമായ ‘ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് പാര്‍ലമെന്റംഗങ്ങളില്‍ പലരും മുന്നോട്ടുവെക്കുന്ന നിര്‍ദേശം. താന്‍ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്ന നില തുടരുന്നത് ട്രംപിന് മാത്രമല്ല രാജ്യത്തിനുതന്നെ ഇപ്പോള്‍ അപമാനവും ദോഷകരവുമായിരിക്കുകയാണ്. ഒരു മതിലോ കനത്ത വേലിയോ എന്തുവിളിച്ചാലും വേണ്ടില്ല, അത് അനിവാര്യമാണെന്നാണ് ട്രംപ് കഴിഞ്ഞദിവസം ട്ര്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.
സ്വതസ്സിദ്ധമായ ജനാധിപത്യവിരുദ്ധശൈലികൊണ്ട് പ്രതിപക്ഷത്തെ മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരെയും സഹായികളെയും ഭരണകൂടത്തിലെതന്നെ പല ഉന്നതരെയും ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരെയും വെറുപ്പിക്കുകയും ആട്ടിയോടിക്കുകയും ചെയ്ത ട്രംപിനുളള തിരിച്ചടിയാണ് മതില്‍പ്രതിസന്ധിയിലൂടെ അമേരിക്ക ഇപ്പോള്‍ നേരിടുന്നത്. വൈസ്പ്രസിഡന്റ് മൈക്ക്‌പെന്‍സ് അടക്കമുള്ള പലരും ട്രംപിന്റെ മതില്‍നീക്കത്തോട് പൂര്‍ണയോജിപ്പുള്ളവരല്ലെന്ന വിവരമാണ് പുതുതായി പുറത്തുവരുന്നത്. അമേരിക്കക്കാരല്ലാത്തവരെയൊക്കെ അപഹസിക്കാനും അടിച്ചമര്‍ത്താനും സമയവും ഊര്‍ജവും കണ്ടെത്തുന്ന ഡൊണാള്‍ഡ് ട്രംപിന് സ്വന്തംഭരണകൂടത്തെപോലും സംരക്ഷിക്കാനാകുന്നില്ലെന്നത് വലിയ വിരോധാഭാസമായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.ഇറാഖിലെ അമേരിക്കന്‍ കേന്ദ്രത്തില്‍ ബോംബിട്ടുവെന്ന പരാതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിട്ട വിവരം കഴിഞ്ഞ ദിവസമാണ ്പുറംലോകം അറിയുന്നത്. സിറിയയിലും തുര്‍ക്കിയിലും യെമനിലും അഫ്ഗാനിസ്ഥാനിലുമൊക്കെ തങ്ങളുടെ ഇടുങ്ങിയ ഇംഗിതം നടപ്പാക്കാന്‍ ആ രാജ്യം കാട്ടിക്കൂട്ടുന്ന തിടുക്കവും അനാവശ്യജാഗ്രതയും തങ്ങളുടെ മേലും അത്തരമൊരു പ്രതിസന്ധി വരുത്തിവെക്കുമെന്ന് തിരിച്ചറിയാന്‍ വൈകിയതാണ് യു.എസ് ഭരണകൂടങ്ങള്‍ക്ക് പറ്റിയ തെറ്റ്. ലോകമഹായുദ്ധങ്ങളിലെ വീരശൂര പരാക്രമികളായിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ലോകവും കാലവും ആരുടെയും കൈപ്പിടിയിലല്ലെന്ന തിരിച്ചറിവ് ഉണ്ടാകുകതന്നെ ചെയ്യും. ബ്രിട്ടനില്‍ തെരേസ മെയ് സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് ബില്ലിനെതിരെ ഇന്നലെ പാര്‍ലമെന്റ് 230 വോട്ടുകളോടെ പരാജയപ്പെടുത്തി എന്നത് കണക്കിലെടുക്കുമ്പോള്‍ വരുംനാളുകള്‍ ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനുപോലും കാലത്തിന്റെ വിളിക്ക് കാതോര്‍ക്കാതിരിക്കാനാകില്ലെന്ന തോന്നലാണ് ഉണ്ടാകുന്നത്. വരുംനാളുകള്‍ ഏഷ്യയുടേതും അതില്‍ ചൈനയുടെയും ഇന്ത്യയുടേതുമാകുമെന്നുമുള്ള വിവരങ്ങള്‍ പങ്കുവെക്കുകയാണ് സാമ്പത്തികലോകം. അതിന് തടയിടാന്‍ ട്രംപും അമേരിക്കയും നടത്തുന്ന നീക്കത്തിനിടയില്‍ സ്വന്തം നിലനില്‍പുതന്നെ അപകടസന്ധിയിലാകുന്നുവെന്ന് മനസ്സിലാക്കി തിരുത്തലുകള്‍ക്ക് തയ്യാറാകുകയാണ് ആധുനിക മതില്‍വാദികള്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ള പാഠം കൂടിയാകണമിത്.