പൊന്നാനി: ആഴ്ചകള്‍ക്ക് ശേഷം കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മീന്‍കിട്ടി. എന്നാല്‍ കിട്ടിയ മീനൊന്നും വിറ്റഴിക്കാന്‍ ആകാഞ്ഞതോടെ കിട്ടിയ വിലയ്ക്ക് വിറ്റു. അതും പൊടിച്ചുവില്‍ക്കുന്നവര്‍ക്ക്. 35 കിലോ തൂക്കം വരുന്ന ഒരു കൊട്ട മത്സ്യം വിറ്റത് വെറും 300 രൂപയ്ക്ക്. ഇന്നലെ പൊന്നാനി ഹാര്‍ബറിലെ കാഴ്ചയായിരുന്നു ഇത്.

മത്സ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു മാസമായി കരയിലായിരുന്ന ബോട്ടുകള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കടലില്‍ ഇറങ്ങിയത്. തൊഴിലാളികള്‍ക്ക് കിട്ടിയത് വല നിറച്ച് പാര മത്സ്യങ്ങളും. മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ പറ്റാത്ത പാര മത്സ്യം കിട്ടിയ വിലയ്ക്ക് പൊടിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്ക് നല്‍കേണ്ട ഗതികേടിലായി ബോട്ടുടമകള്‍. 35 കിലോയോളം തൂക്കം വരുന്ന ഒരു കൊട്ട മത്സ്യം 300 രൂപ നിരക്കിലാണ് മംഗലാപുരത്തേക്ക് കയറ്റി അയയ്ക്കുന്നത്. ഇതോടെ ഭൂരിഭാഗം ബോട്ടുടമകള്‍ക്കും ഇന്ധന ചെലവ് പോലും തിരികെ ലഭിച്ചില്ല.

വലിയ ബോട്ടുകള്‍ കടലില്‍ പോയി തിരിച്ചുവരണമെങ്കില്‍ അമ്പതിനായിരം രൂപയും ചെറിയ ബോട്ടുകള്‍ക്ക് ഇരുപതിനായിരം രൂപയും ചെലവുണ്ട്. എന്നാല്‍ വില ലഭിക്കാത്ത മത്സ്യം ലഭിച്ചതോടെ ഇവരുടെ അധ്വാനം പാഴായി. തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങള്‍ക്ക് യഥേഷ്ടം മീന്‍ ലഭിക്കുമ്പോള്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകള്‍ മടങ്ങിയെത്തുന്നത് പലപ്പോഴും വെറുംകയ്യോടെയാണ്.

ഇതേത്തുടര്‍ന്നാണ് ബോട്ടുകള്‍ ഒരു മാസത്തോളം കടലില്‍ ഇറങ്ങാതിരുന്നത്. ചെറുവള്ളങ്ങള്‍ക്ക് അയലവും ചെമ്പാനും അടക്കം പലതരം മത്സ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ആഴക്കടല്‍ മത്സ്യലഭ്യതയില്‍ കാര്യമായ ഇടിവുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.