തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് നീക്കാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആസ്പത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആയിരുന്നു പൊലീസിന്റെ നീക്കമെങ്കിലും ജയിലിലേക്ക് കൊണ്ടു പോകാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുകയായിരുന്നു.

ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയാണെന്ന് ഒപ്പമുള്ള പൊലീസുകാര്‍ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പൂജപ്പുര ജയിലില്‍ എത്തിച്ച ശേഷം വീണ്ടും ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കിംസ് ആസ്പത്രിയിലെ പഞ്ചനക്ഷത്ര മുറിയിലെ സുഖ സൗകര്യങ്ങളില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പൊലീസ് തയ്യാറായത്. മാസ്‌ക് ധരിപ്പിച്ച് സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സില്‍ കയറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് മജിസ്‌ട്രേറ്റ് സ്വകാര്യ ആസ്പത്രി വാസം ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്‌