ലിസ്ബണ്‍: അടുത്ത മാസം ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ടീമില്‍ 2016 യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയ എഡര്‍, വെറ്ററന്‍ താരം നാനി, റെനറ്റോ സാഞ്ചസ്, ബാര്‍സലോണ താരങ്ങളായ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഗോമസ്, ഡിഫന്റര്‍ നെല്‍സണ്‍ സെമഡോ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല.

യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇറങ്ങിയ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഒമ്പത് പേര്‍ക്ക് ലോകകപ്പ് ടീമിലും കോച്ച് ഫെര്‍ണാണ്ടോ സാഞ്ചസ് ഇടം നല്‍കി. നാനി, സാഞ്ചസ് എന്നിവരെയാണ് ഒഴിവാക്കിയത്. മുന്‍ റയല്‍ മാഡ്രിഡ് താരം ഫാബിയോ കൊണ്‍ട്രാവോയെ പരിക്കു കാരണം ടീമിലെടുത്തില്ല. റയല്‍ മാഡ്രിഡ് കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് ക്ലബ്ബ് വിട്ട് ഇപ്പോള്‍ തുര്‍ക്കിഷ് ക്ലബ്ബ് ബേസിക്തസില്‍ കളിക്കുന്ന പെപെ ലോകകപ്പ് ടീമിലുണ്ട്.

ലാലിഗ 2017-18 സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബാര്‍സയുടെ നെല്‍സണ്‍ സെമഡോയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ശ്രദ്ധേയമായി. ആന്ദ്രേ ഗോമസിന് ബാര്‍സ ടീമില്‍ സ്ഥിരമായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഈ മാസം 26-ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു വേണ്ടി ഒരുങ്ങുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ടീം ലോകകപ്പ് ക്യാമ്പ് ആരംഭിക്കുന്നത്. മെയ് 28-ന് തുനീഷ്യക്കും ജൂണ്‍ രണ്ട്, ഏഴ് തിയ്യതികളില്‍ യഥാക്രമം ബെല്‍ജിയം, അല്‍ജീരിയ ടീമുകളെയും സൗഹൃദ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ നേരിടും.

ജൂണ്‍ 15ന് സ്‌പെയിനിനെതിരെയാണ് ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഇറാന്‍, മൊറോക്കോ എന്നിവയാണ് ഗ്രൂപ്പ് ബിയിലുള്ള മറ്റ് ടീമുകള്‍.

പോര്‍ച്ചുഗല്‍ ലോകകപ്പ് ടീം

ഗോള്‍കീപ്പര്‍മാര്‍: ആന്റണി ലോപ്, ബെറ്റോ, റൂയ് പാട്രിഷ്യോ.
ഡിഫന്റര്‍മാര്‍: ബ്രൂണോ ആല്‍വസ്, സെഡ്രിഡ് സോറസ്, ജോസ് ഫോണ്ടെ, മരിയോ റൂയ്, പെപെ, റാഫേല്‍ ഗ്വെറേറോ, റിക്കാര്‍ഡോ പെരേര, റൂബന്‍ ഡയസ്.
മിഡ്ഫീല്‍ഡര്‍മാര്‍: ആഡ്രിയന്‍ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവ് മരിയോ, ജോവ് മൗട്ടിഞ്ഞോ, മാനുവല്‍ ഫെര്‍ണാണ്ടസ്, വില്ല്യം കാല്‍വാലോ.
ഫോര്‍വേഡുകള്‍: ആന്ദ്രേ സില്‍വ, ബെര്‍ണാര്‍ഡോ സില്‍വ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജെല്‍സണ്‍ മാര്‍ട്ടിന്‍സ്, ഗോള്‍സാകോ ഗ്വെഡസ്, റിക്കാര്‍ഡോ ക്വാറസ്മ.