X
    Categories: CultureNewsViews

തെരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തിയ പ്രണബ് മുഖർജി നിലപാട് മാറ്റി; ‘വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടിൽ ആശങ്കയുണ്ട്’

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ നിലപാട് തിരുത്തി. ജനവിധിയിൽ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ തനിക്ക് ആശങ്കയുണ്ടെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യസ്ഥതയാണെന്നും മുഖർജി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ, മാധ്യമപ്രവർത്തക സോണിയ സിങിന്റെ പുസ്തക പ്രകാശന വേളയിലാണ് പ്രണബ് മുഖർജി തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലീൻചിറ്റ് നൽകിയത്. രാജ്യത്തെ സ്ഥാപനങ്ങൾ വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണെന്നും അവയെ കുറ്റം പറയാതെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രണബിന്റെ വാക്കുകൾ സംഘ് പരിവാർ ആഘോഷിച്ചിരുന്നു.

എന്നാൽ, ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങൾ അനുവദിച്ചു കൂടെന്നും യുക്തിസഹമായ സംശയങ്ങൾക്ക് അതീതമായി വേണം ജനങ്ങളുടെ വിധി നിർണയം നടക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവർ അത് നിറവേറ്റുകയും സംശയങ്ങൾ ദൂരീകരിക്കുകയും വേണം. – അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: