ഡല്‍ഹി: ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 28ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള കവിത ട്വിറ്ററില്‍ അപ് ലോഡ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെയാണ് അദ്ദേഹം വിമര്‍ശിച്ചത്. അതിരുകടന്ന പ്രവൃത്തിയാണ് ട്വിറ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഭൂഷണ്‍ പ്രതികരിച്ചത്.

സലില്‍ തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചുമുള്ള കവിത എഴുതിയത്. ഈ കവിതയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെടുന്നത്.

2009 ല്‍ സലില്‍ തൃപാഠി പബ്ലിഷ് ചെയ്ത ‘Offence: The Hindu Case’ എന്ന പുസ്തകത്തിലെ My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ഇത് വിദ്വേഷം ഉളവാക്കുന്നതാണ് എന്ന് രേഖപ്പെടുത്തിയാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.