ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ തന്റെ അഭിഭാഷകന്‍ രാജീവ് ധവാന് നല്‍കികൊണ്ട് പ്രശാന്ത് ഭൂഷന്റെ ആദ്യ പ്രതികരണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ കൈമാറിയത്. ഒരു രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവുമാണ് ശിക്ഷ. ഇന്ന് വൈകുന്നേരം നാല് മണിക്ക് കോടതി വിധിയെ സംബന്ധിച്ച് വിശദമായി സംസാരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെക്കെതിരെയുള്ള ട്വീറ്റിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. ഒരു രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. ഒരു രൂപ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം വരെ തടവും മൂന്ന് വര്‍ഷം വരെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കുമാണ് കോടതി വിധിച്ചത്. സെപ്തംബര്‍ 15ന് മുമ്പ് പിഴ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി. എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിച്ചിച്ചു.