ന്യൂഡല്‍ഹി: ഹരിയാനയിലെ ആള്‍ദൈവം ദാദി മഹാരാജിനെതിരായ ബലാത്സംഗകേസിലെ പ്രധാനസാക്ഷിക്ക് വധഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭീഷണിയെ തുടര്‍ന്ന് ഇയാള്‍ ബട്ഷാപൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെയാണ് സാക്ഷികളില്‍ ഒരാളായ സച്ചിന്‍ ജെയ്ന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. കുടുംബവുമായി യാത്ര ചെയ്യുമ്പോള്‍ തന്റെ നേരെ ആറുപേരടങ്ങുന്ന സംഘം ആക്രോശിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കാറിനു മുന്നിലെത്തിയ സംഘം തോക്കുകാട്ടി ബലമായി പിടിച്ചു ഇറക്കുകയും ദാദി മഹാരാജിനെതിരെ സാക്ഷി പറയുകയാണെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്നും പറഞ്ഞുവെന്ന് പരാതിയിലുണ്ട്. തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് ജെയ്ന്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയവര്‍ ആള്‍ദൈവവുമായി ബന്ധപ്പെട്ടവരാണെന്ന് പരാതിയില്‍ പറയുന്നു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.