കാസര്‍കോഡ്: യെമനിലെത്തിയത് മതപഠനത്തിന് വേണ്ടിയാണെന്ന് കാസര്‍കോഡുനിന്നും നാടുവിട്ട സബാദ്. യെമനില്‍ മതപഠനത്തിനായി എത്തുന്നവരില്‍ മലയാളികളുണ്ടെന്നും താന്‍ ഖുര്‍ആന്‍ മന:പാഠമാക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും സബാദ് വാട്‌സ് അപ്പിലൂടെ അറിയിച്ചെന്ന് വാര്‍ത്താചാനലായ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സബാദിന്റെ വാട്‌സ്അപ്പ് ശബ്ദരേഖയും ചാനല്‍ പുറത്ത് വിടുന്നുണ്ട്.

ഐ.എസുമായി യാതൊരു ബന്ധവുമില്ല. ഖുര്‍ആന്‍ പഠിക്കുകയാണ് ലക്ഷ്യം. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും അയച്ചുകൊടുത്തിട്ടുണ്ട്. വീട്ടുകാരുടെ അറിവോടുകൂടിയാണ് യെമനിലേക്ക് പോയതെന്നും സബാദ് പറയുന്നു. യെമനിലെ മതപാഠശാലകളില്‍ നിരവധി മലയാളികള്‍ പഠിക്കുന്നുണ്ട്. പക്ഷേ, അവരുമായി അടുത്ത് പരിചയപ്പെടുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. മതപഠനം ലക്ഷ്യമിട്ടാണ് യെമനില്‍ എത്തിയത്. ഐ.എസുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ഐ.എസിന്റെ നിലപാടെന്നും ഇതുമായി ബന്ധമുണ്ടെന്ന പ്രചാരണങ്ങളില്‍ ഏറെ ദു:ഖമുണ്ടെന്നും സബാദ് പറയുന്നു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തും. കാസര്‍കോഡ് അണങ്കൂര്‍ സ്വദേശി അന്‍സാറും കുടുംബവും യെമനിലെത്തിയത് തന്റെ നിര്‍ബന്ധം കൊണ്ടല്ലെന്നും സബാദ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ജില്ലയില്‍ നിന്ന് കാണാതായ പതിനൊന്നുപേരും യെമനില്‍ എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിച്ചുവരികയാണ്.