ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ആദിവാസികളേയും ദളിത് വിഭാഗത്തേയും ന്യൂനപക്ഷങ്ങളേയും വികസന പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് അപകടകരമായ സാഹചര്യമാണെന്നും 21-ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് ഒരു കാഴ്ചപ്പാട് നല്‍കാന്‍ സാധച്ചില്ലെങ്കില്‍ മറ്റാരെങ്കിലും അത് നല്‍കിയെന്ന് വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ബി.ജെ.പി സര്‍ക്കാറിന്റെ വിവേചന നിലപാടിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തെ ഒഴിവാക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായാണ് പ്രതികരിച്ചത്. സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ രാജ്യത്തെ ഗോത്രസമൂഹവും പാവപ്പെട്ട കര്‍ഷകരും താഴ്ന്ന ജാതികളിലുള്ളവരും അനുഭവിക്കേണ്ടെന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരിന്റെതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതു മനസിലാക്കാന്‍ കൂട്ടാക്കുന്നില്ല. പ്രശ്നങ്ങള്‍ അംഗീകരിച്ച് അതിനുള്ള പരിഹാരം കാണുകയാണു വേണ്ടത്. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പ്രശ്‌നങ്ങളുമാണ് ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചകളും മൂലം രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ജനങ്ങള്‍ ഇതില്‍ ആശങ്കയിലാണ്. ഇതേത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത തൊഴിലില്ലായ്മയില്‍ നിന്നുള്ള രോഷമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.