മ്യാന്‍മറില്‍ പട്ടാളം നടത്തുന്ന റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്‍ സ്യൂ കിയില്‍ നിന്ന്, ‘സ്വാതന്ത്ര്യ പുരസ്‌കാരം’ തിരിച്ചെടുക്കാന്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിച്ചു. മ്യാന്മര്‍ പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച സ്യൂ കിയെ 2005-ലാണ് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം നല്‍കി ആദരിച്ചത്. എന്നാല്‍, നിലവില്‍ മ്യാന്‍മര്‍ പ്രധാനമന്ത്രിക്ക് തുല്യമായ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലര്‍ പദവിയിലുള്ള സ്യൂകി മുസ്ലിം വംശഹത്യക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നതിനാലാണ് എഡിന്‍ബര്‍ഗ് അധികൃതരുടെ തീരുമാനം.

മ്യാന്‍മറിലെ റാഖീന്‍ സ്റ്റേറ്റില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ പട്ടാളവും ബുദ്ധതീവ്രവാദികളും നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാന്‍ സ്യൂ കി തയ്യാറായിട്ടില്ല. പതിനായിരങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഗ്രാമങ്ങള്‍ ഇടിച്ചുനിരപ്പാക്കുകയും ചെയ്യുന്ന മ്യാന്‍മറിലെ സൈനിക നീക്കത്തെ ഐക്യരാഷ്ട്രസഭ ‘വംശീയ ഉന്മൂലനം’ എന്നാണ് വിശേഷിപ്പിക്കുന്നത്. തുല്യതയലില്ലാത്ത ക്രൂരതകളെ തുടര്‍ന്ന് ഏഴു ലക്ഷത്തോളം റോഹിങ്ക്യകള്‍ക്ക് നാടുവിട്ട് അയല്‍രാജ്യങ്ങളില്‍ അഭയം തേടേണ്ടി വന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളെയും വിമര്‍ശനങ്ങളെയും ചെവിക്കൊള്ളാതെയാണ് മ്യാന്‍മര്‍ വംശഹത്യയുമായി മുന്നോട്ടു പോയത്.

കഴിഞ്ഞ നവംബറില്‍, റോഹിങ്ക്യന്‍ വംശജര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എഡിന്‍ബര്‍ഗ് നഗരത്തിന്റെ തലവന്‍ ഫ്രാങ്ക് റോസ് സ്യൂ കിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ സ്യൂ കി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സിറ്റി കൗണ്‍സില്‍, സ്യൂ കിയില്‍ നിന്ന് പുരസ്‌കാരം അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എഡിന്‍ബര്‍ഗ് പുരസ്‌കാരം ഇത് രണ്ടാം തവണയാണ് ഒരാളില്‍ നിന്ന് തിരിച്ചുവാങ്ങുന്നത്. 1989-ല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐറിഷ് ദേശീയവാദിയായ ചാള്‍സ് പാര്‍നലില്‍ നിന്നാണ് ഇതിനുമുമ്പ് തിരിച്ചെടുത്തത്.

മനുഷ്യത്വ വിരുദ്ധമായ നിലപാടിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ സ്യൂ കിക്ക് നഷ്ടമാകുന്ന ഏഴാമത്തെ വലിയ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ്. ഓക്‌സ്‌ഫോഡ്, ഗ്ലാസ്‌ഗോ, ന്യൂകാസില്‍ എന്നീ നഗരങ്ങള്‍ സ്യൂകിയില്‍ നിന്ന് ഫ്രീഡം പുരസ്‌കാരം തിരിച്ചെടുത്തിരുന്നു. യു.എസ്സിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ എലീ വീസല്‍ അവാര്‍ഡ്, എല്‍.എസ്.ഇ സ്റ്റുഡന്റ്‌സ് യൂണിയന്‍ അവാര്‍ഡ്, യൂനിസണ്‍ ഓണററി അധ്യക്ഷ പദവി തുടങ്ങിയവയും സ്യൂകിക്ക് സമീപകാലത്ത് നഷ്ടമായി.