പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി സന്നിധാനത്തെ എത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുവതി ക്ഷേത്രത്തിന് മുന്നില്‍ എത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി. ഇന്ന് രാവിലെ 10.30 ഓടെയാണ് ആന്ധ്രയിലെ ഗോദാവരി മാധവി എന്ന സ്ത്രീ അടക്കം ഒരു കുടുംബത്തിലെ പരമ്പരാഗത പാത വഴി സന്നിധാനത്തേക്ക് എത്തിയത്. എന്നാല്‍, സമരക്കാര്‍ അവരെ തടഞ്ഞു. വയസ് ചോദിച്ചപ്പോള്‍ 45 ആണെന്ന് മാധവി മറുപടി നല്‍കി. തുടര്‍ന്ന് സമരക്കാര്‍ അവരെ തിരിച്ചയക്കാന്‍ ശ്രമിച്ചു.