കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനിടെ റോഡ് തടസപ്പെടുത്തിയതിന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വി.ശിവദാസന്‍, കെ.വി സുമേഷ് എംഎല്‍എ തുടങ്ങിയവരെയും പ്രതിചേര്‍ത്തു. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡ് തടസപ്പെടുത്തിയത്. കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നടത്തിയത്. ഇതിന്റെ ഭാഗമായി റോഡില്‍ പന്തല്‍ കെട്ടി കസേരകള്‍ നിരത്തുകയും റോഡിലേക്ക് ഇറക്കി നേതാക്കള്‍ക്കുള്ള വേദി തയ്യാറാക്കുകയും ചെയ്തു.
പാതയോരങ്ങളില്‍ പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു സിപിഎം ഉപരോധം നടത്തിയത്. അതേസമയം യാത്രാ മാര്‍ഗങ്ങള്‍ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നുമായിരുന്നു ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ന്യായം.
എന്നാല്‍ ഗതാഗതം തടസപ്പെടുത്തി സമരം പാടില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ സിപിഎം നേതൃത്വത്തിന് നോട്ടീസ് നല്‍കിയിരുന്നു.