തിരുവനന്തപുരം: പി.എസ്.സിയുടെ വിവരണാത്മക പരീക്ഷകള്‍ ഇനി ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിലേക്ക്. ആസൂത്രണബോര്‍ഡ് ചീഫ് തസ്തികക്കായി ഈ മാസം 23,24 തിയതികളില്‍ നടത്തുന്ന പരീക്ഷ ഈ രീതിയിലാക്കാന്‍ പി.എസ്.സി ഒരുക്കം തുടങ്ങി.

ചോദ്യം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഉത്തരക്കടലാസായിരിക്കും ഇതിന് ഉപയോഗിക്കുന്നത്. ഇവ സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടര്‍ സ്‌ക്രീനിലാക്കിയായിരിക്കും മൂല്യനിര്‍ണയം നടത്തുക. ഇനി പി.എസ്.സി നടത്തുന്ന എല്ലാ വിവരണാത്മക പരീക്ഷകളും ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സമ്പ്രദായത്തിലാണ് മൂല്യനിര്‍ണയം നടത്തുക. ഇതിനായി പരീക്ഷാ വിഭാഗം അഡീണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി.

വിവരണാത്മക പരീക്ഷയുടെ മൂല്യനിര്‍ണയം വേഗത്തില്‍ പരമാവധി കൃത്യതയോടെ നടത്താനാണ് ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നത്. ഒരു ഉത്തരക്കടലാസ് ഒരാളായിരിക്കില്ല മൂല്യനിര്‍ണയം നടത്തുന്നത്. വ്യത്യസ്ത വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ ആ വിഷയത്തിലെ വിദഗ്ധരായിരിക്കും മൂല്യനിര്‍ണയം നടത്തുക.

രാജസ്ഥാന്‍ പി.എസ്.സി ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സമ്പ്രദായം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. വിവിധ സര്‍വകലാശാലകളും ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സമ്പ്രദായം തുടങ്ങിയിട്ടുണ്ട്.