അങ്കമാലി: കഥ പകുതിയേ ആയുള്ളൂവെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്നും പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാധ്യമപ്രവര്‍ത്തകരോട് ഇങ്ങിനെ പ്രതികരിച്ചത്. സുനിയുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം ഒന്നു വരെ നീട്ടിയ കോടതി സുനിയുടെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷ 20നാണ് പരിഗണിക്കുന്നത്.
ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പമായിരിക്കും സുനിയുടെ ജാമ്യപേക്ഷയിലും വാദം കേള്‍ക്കുന്നത്. ഇന്നലെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെയും കൂട്ടു പ്രതികളെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സഹതടവുകാരനായ വിഷ്ണുവിനെയും ഇന്നലെ ഹാജരാക്കി.
സുനിക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരും ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടു. കേസില്‍ സിനിമ മേഖലയില്‍ നിന്നു കൂടുതല്‍ വ്യക്തികളുടെ പേരുകള്‍ പുറത്തു വരുമെന്ന് ആളൂര്‍ പറഞ്ഞു.
കേസില്‍ താന്‍ നിരപരാധിയാണെന്ന് സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചുവെന്ന് കരുതുന്ന സുനിയുടെ സഹതടവുകാരനായ വിഷ്ണു പറഞ്ഞു. താന്‍ ആര്‍ക്കും ഫോണ്‍ നല്‍കിയിട്ടില്ലെന്നും കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യമൊഴി രേഖപെടുത്താന്‍ ആവശ്യപ്പെട്ട് സുനി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല.