ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ശിവരാത്രി പ്രമാണിച്ച് അവധിയായിരുന്നതിനാല്‍ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഇന്നലെ ഉച്ചയോടെ പ്രതികളെ ഹാജരാക്കിയത്. പ്രദേശത്ത് വന്‍ ആള്‍ക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ കര്‍ശന സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു.
പൊലീസ് കസ്റ്റഡി അപേക്ഷയും മെഡിക്കല്‍ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ വൈകിയതിനാലാണ് ഇത് ഇന്നത്തേക്ക് പരിഗണിക്കാനായി മജിസ്‌ട്രേറ്റ് മാറ്റിവെച്ചത്. പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നും മൊബൈല്‍ കണ്ടെത്താനായി അന്വേഷണം നടത്തേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. അതേസമയം കേസില്‍ നിര്‍ണായകമായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്നു പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി.
രക്ഷപെടുന്നതിനിടെ കവറിലാക്കി ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വെള്ള നിറത്തിലുള്ള സാംസങ് ഫോണിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുനിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാത്തിലെടുത്തിട്ടില്ല. സുനിയെയും വിജീഷിനെയും ഇന്നലെ പുലര്‍ച്ചെ തന്നെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടെ സുനിയുമായി ബന്ധമുള്ള ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോവുന്നതിന് മുമ്പായി സുനി ഈ സ്ത്രീയെ സന്ദര്‍ശിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് സുനിയെയും വിജീഷിനെയും പൊലീസ് അറസ്റ്റു ചെയ്തത്.