ദോഹ: ഖത്തറിനെതിരായ ഉപരോധം അവസാനിച്ചതിനു പിന്നാലെ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ വിമാനം സഊദിയിലേക്ക്. ജനുവരി 11ന് ദോഹയില്‍ നിന്ന് റിയാദിലേക്കാണ് വിമാനം പുറപ്പെടുക. ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് പ്രകാരം ദോഹയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെട്ട് വൈകുന്നേരം 3.30നാണ് വിമാനം സഊദിയില്‍ എത്തുക.

ഖത്തര്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സഊദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രി സഊദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്‍ഗിലേക്ക് പറന്നിരുന്നു. മൂന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു വിമാനം ഖത്തറില്‍ നിന്ന് സഊദിയിലേക്ക് പറക്കുന്നത്.

2017 ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി സൗഹൃദം അവസാനിപ്പിച്ച ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദിയിലെ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്.