അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: അടുത്തയാഴ്ച്ച റിയാദില്‍ നടക്കുന്ന 41ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് ഔപചാരികമായി ക്ഷണിച്ചു. സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണക്കത്തുമായി ഖത്തറിലെത്തിയ ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് ദോഹ പാലസില്‍ ഖത്തര്‍ അമീറിനെ നേരിട്ട് കണ്ട് ഉച്ചകോടിയിലേക്കുള്ള ക്ഷണപത്രം കൈമാറി. ഉച്ചകോടിയിലേക്ക് യു.എ.ഇ പ്രസിഡന്റ്, ഒമാന്‍ സുല്‍ത്താന്‍, കുവൈത്ത് അമീര്‍, ബഹ്‌റൈന്‍ രാജാവ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷണിച്ചിരുന്നു. നിര്‍ണ്ണായകമായ ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നസുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിസിസി ഭരണാധികാരികളെ കൂടാതെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും പങ്കെടുത്തേക്കും.

ജനുവരി അഞ്ചിന് ചൊവ്വാഴ്ച്ച റിയാദിലെ അല്‍ ഉലയായിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയുടെ മുന്നോടിയായി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഊദി മന്ത്രിസഭായോഗമാണ് വേദി തീരുമാനിച്ചത്. സഊദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനമായ നഗരമാണ് അല്‍ഉലയ. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സ്ഥിരതയും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ക്കാണ് ഈ ഉച്ചകോടിയുടെ ലോകം കാതോര്‍ക്കുന്നത്. സര്‍വ മേഖലകളിലും സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും സമന്വയവും വര്‍ധിപ്പിക്കുന്നതിലും ഉച്ചകോടിയുടെ തീരുമാനങ്ങളുണ്ടാകും.

മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും അനിവാര്യമായ സമാധാന ശ്രമങ്ങളാണ് കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. അമേരിക്ക കൂടി കൈകോര്‍ത്തതോടെ പഴയ സഹകരണത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ മടങ്ങി വരുമെന്ന പ്രതീക്ഷയാണ് എങ്ങും. ഈ ഉച്ചകോടി നേരത്തെ നിശ്ചയിച്ചിരുന്നത് ബഹ്‌റൈനിലായിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമാണ് ഉച്ചകോടി റിയാദിലേക്ക് മാറ്റിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഗള്‍ഫ് മേഖയില്‍ വന്‍ വളര്‍ച്ച സാധ്യമാകുന്ന മാറ്റങ്ങളാവും ഉണ്ടാവുക. വാണിജ്യ, വ്യാവസായിക രംഗത്തും സാംസ്‌കാരിക വിനിയമയ രംഗത്തും ജനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലുമെല്ലാം ഇതു നിഴലിക്കും. ഉപരോധം നീങ്ങി വ്യോമ, കര, കടല്‍ പാതകളെല്ലാം പഴയ രീതിയില്‍ തുറക്കപ്പെട്ടാല്‍ അതു സാധാരണക്കാരായ പ്രവാസികള്‍ക്കു പോലും ഗുണകരമായി മാറും.