gulf

ഗസ്സക്ക് കൈ കൊടുത്ത് ഖത്തര്‍; വെടിനിര്‍ത്തലിന് പിന്നാലെ ആവശ്യമായ മരുന്നുകളെത്തിക്കും

By webdesk13

February 05, 2025

ജോര്‍ദാനിലെ കിങ് അബ്ദുല്ല എയര്‍ബേസില്‍ നിന്നും ഗസ്സയിലെ ഖാന്‍ യൂനിസിലെ അല്‍ ഗറാറയിലേക്ക് മരുന്നുകളെത്തിക്കുന്നതിനുള്ള അടിയന്തിര ആകാശ പാതക്കാണ് ഖത്തറിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. ഖത്തര്‍ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മര്‍യം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് പങ്കെടുത്ത യോഗത്തില്‍ എയര്‍ബ്രിഡ്ജ് സംബന്ധിച്ച് അന്തിമ രൂപം നല്‍കി.

ജോര്‍ദാനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് സൗദ് ബിന്‍ നാസര്‍ ബിന്‍ ജാസിം ആല്‍ഥാനി, ഖത്തര്‍ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ കുവാരി, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.

എയര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറില്‍ മന്ത്രി മര്‍യം ബിന്‍ത് അലി ബിന്‍ നാസര്‍ മിസ്‌നും, ജോര്‍ദാന്‍ ചാരിറ്റി ഓര്‍ഗനൈസേഷനും ഒപ്പുവെച്ചു. ആകാശ മാര്‍ഗം ജോര്‍ഡനിലെത്തുന്ന ഖത്തറിന്റെ സഹായ വസ്തുക്കള്‍ റോഡ് മാര്‍ഗം ഗസ്സയിലെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വെടിനിര്‍ത്തല്‍ പ്രാബല്ല്യത്തില്‍ വന്നതിനു പിന്നാലെ കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ 65 ട്രക്കുകളിലായി ജോര്‍ഡന്‍ അതിര്‍ത്തി വഴി ഖത്തര്‍ സഹായമെത്തിച്ചതായി മന്ത്രി പറഞ്ഞു. ഈ ലാന്‍ഡ് ബ്രിഡ്ജിനു പുറമെയാണ് ജോര്‍ദാന്‍ എയര്‍ ബേസില്‍ നിന്നും ഖാന്‍ യൂനിസിലേക്ക് രണ്ട് ഹെലികോപ്റ്ററുകള്‍ വഴി മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നത്.