ദോഹ: കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങളില്‍ ആഗോള തലത്തില്‍ ഖത്തര്‍ ഏഴാമത്. മിഡില്‍ ഈസ്റ്റ്, അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും നേടന്‍ ഖത്തറിനായി. രാജ്യത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടം. നംബിയോ തയാറാക്കിയ 2016ലെ ഗ്ലോബല്‍ ഡേറ്റാബേസ് സൂചികയിലാണ് മികച്ച പ്രകടനവുമായി ഖത്തര്‍ മുന്നിലെത്തിയത്. കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ രാജ്യം ദക്ഷിണകൊറിയയാണ്. സിംഗപ്പൂര്‍, ജോര്‍ജിയ, തായ്‌വാന്‍, ജപ്പാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സൂചികയില്‍ 20.41 പോയിന്റാണ് ഖത്തറിനു ലഭിച്ചത്.

 

പൂജ്യം തൊട്ട് 100 വരെയുള്ള സ്‌കെയില്‍ അനുസരിച്ചാണ് കുറ്റകൃത്യങ്ങളുടെ പോയിന്റ് നിശ്ചയിച്ചത്. 20ല്‍ താഴെ പോയിന്റുകള്‍ കുറ്റ കൃത്യങ്ങള്‍ തീരേ കുറവുള്ളതായാണ് കണക്കാക്കുന്നത്. 20നും 40നുമിടയില്‍ പോയിന്റുകള്‍ താരതമ്യേന കുറവും 40നും 60നുമിടയില്‍ പോയിന്റുകള്‍ മധ്യനിലവാരവും 60നും 80നുമിടയല്‍ ഉയര്‍ന്ന നിലയും 80നു മുകളില്‍ അതീവ അപകടകരവുമായി പരിഗണിക്കുന്നു. രാജ്യങ്ങളിലെയും നഗരങ്ങളിലെയും കുറ്റകൃത്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് സൂചിക തയാറാക്കിയത്.കവര്‍ച്ചകളുടെ തോത്, കാര്‍ മോഷണം, ശാരീരിക ആക്രമണം, തൊലി നിറം അടിസ്ഥാനമാക്കിയുള്ള ആക്രമണം, മതവിശ്വാസം അടിസ്ഥാനമാക്കിയുള്ള ആക്രമണം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും പരിശോധനക്കു വിധേയമാക്കിയത്.