കോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്. ക്രൂരമായി റാഗിങ്ങിനിരയായതോടെ വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു. അവിനാഷ് എന്ന വിദ്യാര്‍ത്ഥിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായി ആസ്പത്രിയില്‍ കഴിയുന്നത്.

ഡിസംബര്‍ രണ്ടാം തിയ്യതി രാത്രിയാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഒമ്പതുപേരെ അടുത്ത മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ശേഷം നഗ്നനരാക്കി പുഷ്അപ്പ് ഉള്‍പ്പെടെയുള്ളവ ചെയ്യിപ്പിച്ചു. മണിക്കൂറുകളോളം ഒറ്റക്കാലില്‍ നിര്‍ത്തുകയും നിലത്ത് ഇഴയാന്‍ ആവശ്യപ്പെടുകയും ചെയ്തുവവെന്ന് അവിനാഷ് പറയുന്നു. നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും ചെയ്തു. ചിലര്‍ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അസ്വസ്ഥത കണ്ടതിനെ തുടര്‍ന്നാണ് അവിനാഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ അവിനാഷിന്റെ വൃക്ക തകര്‍ന്നതായി കണ്ടെത്തി. മദ്യത്തിലെ വിഷാംശമാണ് വൃക്ക തകരാറിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സംഭവത്തില്‍ അവിനാഷിന്റെ മാതാപിതാക്കള്‍ കോട്ടയം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. റാഗിങ്ങ് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവിനാഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കോളേജ് അധികൃതര്‍ ഒരു നടപടിയും എടുത്തിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. റാഗിങ്ങ് വിവരം അന്വേഷിച്ചപ്പോള്‍ റാഗ് ചെയ്ത ചില വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് കോളേജ് അധികൃതര്‍ നല്‍കിയ പ്രതികരണം. അവിനാഷിന്റെ ഒരു സുഹൃത്ത് എറണാംകുളത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.