കോട്ടയം നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റലില്‍ നടന്നത് വന്യമൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥികളോട് റാഗിങ്ങെന്ന പേരില്‍ ചെയ്തു കൂട്ടുന്നത് ചങ്കു തകര്‍ക്കുന്ന ക്രൂരതകളാണെന്നും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യത്വം നഷ്ടപ്പെട്ട് മൃഗതുല്യരായി മാറുകയാണ് ഒരു വിഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി അടക്കം സംഭവത്തില്‍ അറസ്റ്റിലായെന്നും ഇവരൊക്കെ നാളെ നാടിനെ നയിക്കാന്‍ തുടങ്ങിയാലുള്ള അവസ്ഥ ഊഹിക്കാന്‍ പോലുമാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥനെ അതിക്രൂമായി റാഗ് ചെയ്ത് എസ്എഫ്‌ഐ കൊലപ്പെടുത്തി ചോരയുണങ്ങും മുമ്പാണ് കോട്ടയത്തും സമാനമായ സംഭവങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കുറ്റവാളികളെ വെറുതെ വിടരുതെന്നും ഇവര്‍ക്കു ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ റാഗിങ്ങിനെതിരെ ശക്തമായ നീക്കം നടത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആന്റി റാഗിങ് സ്‌ക്വോഡുകള്‍ രൂപീകരിക്കണമെന്നും കുറ്റക്കാരെ കോഴ്‌സുകളില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.