kerala

വയനാട്ടില്‍ രാഹുലും പ്രിയങ്കയും വിജയിച്ചത് ജമാഅത്ത്, എസ്ഡിപിഐ വോട്ട് വാങ്ങി; വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് എംവി ഗോവിന്ദന്‍

By webdesk18

January 25, 2025

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്ത്, എസ്ഡിപിഐ വോട്ട് നേടിയാണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ”രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ വയനാട്ടില്‍ ജയിച്ചു എന്ന് പറയുന്നത് ഒരു കാര്യം ഉറപ്പല്ലേ, അവിടെ വളരെ പ്രധാനമായ മുസ്ലിം സാന്ദ്രതയുള്ള ഒരു കേന്ദ്രമാണ്. മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്. ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലാണ്. മറ്റു മൂന്ന് മണ്ഡലമാണ് വയനാടുള്ളത്. ആ ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് എസ്ഡിപിഐക്കാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്കാ ഗാന്ധിയും അതിന് മുമ്പ് രാഹുല്‍ ഗാന്ധിയും ജയിച്ചത് എന്ന് പറയുമ്പോള്‍ പൊള്ളണ്ട. അതുകൊണ്ട് മാത്രമാണ് ജയിച്ചത് എന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷേ അതുകൂടി ചേര്‍ന്നാണ് ജയിച്ചത്. അത് അങ്ങനെ തന്നെ വിശകലനം ചെയ്യണം”- ഗോവിന്ദന്‍ പറഞ്ഞു.

ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് ആരാണ് എന്നതിന് കൃത്യമായ ഉത്തരമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. നേമത്ത് ഒ.രാജഗോപാലിനെ ജയിപ്പിച്ചപോലെ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചതും കോണ്‍ഗ്രസാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു.

പാലക്കാട് തങ്ങള്‍ ജയിച്ചുവെന്നാണ് എ.കെ ആന്റണി അടക്കമുള്ളവര്‍ വലിയതോതില്‍ പറയുന്നത്. 10,000 വോട്ട് തങ്ങളുടേതാണ് എന്നാണ് എസ്ഡിപിഐ പറയുന്നത്. നാലായിരം വോട്ടോളം ജമാഅത്തെ ഇസ്ലാമിയുടേതാണ്. ബിജെപിയുടെ 4500 വോട്ട് കോണ്‍ഗ്രസ് വാങ്ങി. ജമാഅത്ത്-എസ്ഡിപിഐ-ബിജെപി വോട്ട് വാങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചത്. ലീഗിനായാലും കോണ്‍ഗ്രസിനായാലും ഈ രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.