ന്യൂഡല്‍ഹി: നിരവധി ഇന്ത്യക്കാര്‍ ദലിതുകളെയും മുസ്‌ലിംകളെയും ഗോത്രവര്‍ഗക്കാരെയും മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ഇത് അപമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹാത്രസ് ബലാല്‍സംഗക്കൊലയെക്കുറിച്ചുള്ള ബിബിസി വാര്‍ത്തക്കൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.

ദലിതുകളെയും മുസ്‌ലിംകളെയും ഗോത്രവിഭാഗക്കാരെയും നിരവധി ഇന്ത്യക്കാര്‍ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ഒപ്പം നിരവധി ഇന്ത്യക്കാരും പറയുന്നത് ഹാത്രസ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ്. കാരണം അവര്‍ക്ക് അവള്‍ ആരുമല്ല-രാഹുല്‍ ട്വീറ്റ് ചെയ്തു.

ഹാത്രസ് പെണ്‍കുട്ടിയോട് പൊലീസും അധികാരികളും ചെയ്ത ക്രൂരതകളാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ ദലിതുകള്‍ അനുഭവിക്കുന്ന കൊടും ക്രൂരതകളെക്കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ പിന്തുണച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.